""കാലത്തുണര്ന്ന് ഗുരുപാദയുഗം സ്മരിച്ച്
കാലും മുഖം കഴുകി നല്ല വിഭൂതി ചാര്ത്തി
കാലാരി തന്റെ തിരുനാമജപങ്ങളാലെ
കാലം കഴിക്കുമവനേ ബഹുഭാഗ്യശാലി''
സൂര്യോദയമുഹൂര്ത്തത്തിനു നാന്ദി കുറിക്കുന്ന ബ്രാപ്മമുഹൂര്ത്തത്തിന്റെ ആരംഭത്തില് തന്നെ ഉണര്ന്നെണീക്കുകയും, പല്ലുതേച്ച് വീടിന്റെ മുന്വശം തൂത്തുവാരിയശേഷം കാലും മുഖവും കഴുകി, ഭസ്മം ധരിച്ച് പ്രഭാതദീപം ജ്വലിപ്പിക്കുകയും തുടര്ന്ന് അടുക്കളയില് അഗ്നിജ്വലിപ്പിച്ച് ഭക്ഷണം പാകം ചെയ്യാനാരംഭിക്കുന്ന കുടുംബിനികളെ മേമ്പൊടിക്കുപോലും കാണാനില്ലാത്ത ഇക്കാലത്ത് മേല്ക്കൊടുത്ത നാലുവരികള്ക്കെന്തു പ്രസക്തി അല്ലേ?
അത്യന്താധുനികതക്കുവേണ്ടിയുള്ള പരക്കം പാച്ചിലില് നമ്മുടെ വിലപ്പെട്ട പലതും നഷ്ടപ്പെടുത്തിയ കുടുംബങ്ങളുടേയുംകുടുംബിനികളുടേയും ദൗര്ഭാഗ്യാവസ്ഥയില് പരിതപിച്ചിട്ടെന്തു കാര്യമെന്ന് പലരും ചോദിക്കാറുമുണ്ട്.
പ്രഭാതസൂര്യനില് നിന്ന് 3 നിറങ്ങളിലുള്ള പ്രകാശരശ്മികള് ഉത്ഭവിക്കുന്നുണ്ടുപോലും! പ്രകൃതിയെ ആരോഗ്യപൂര്ണ്ണമാക്കുന്ന ഈ വര്ണ്ണരശ്മികള്ക്കു പുറമെ, ചൂടുണ്ടാക്കുക മാത്രം ചെയ്യുന്ന രശ്മികള് സൂര്യോദയം മുതല് വന്നു തുടങ്ങും. സൂര്യോദയത്തിലാരംഭിച്ച് അനുനിമിഷം വര്ദ്ധിച്ചുവരുന്ന ഈ ഉഷ്ണരശ്മികള് ചൂടുണ്ടാക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലത്രെ. പത്തുമണിയോടെ വര്ണ്ണരശ്മികള് പരമാവധി കുറഞ്ഞും ഉഷ്ണരശ്മികള് വളരെ കൂടിയും വരുന്നതിനാല് പത്തുമണിക്കകം പ്രഭാതകൃത്യങ്ങളും ഭക്ഷണം കഴിക്കലും തീര്ന്നിരിക്കണമെന്നാണ്് ആചാര്യമതം. ശ്രീയാമം എന്ന പേരിലറിയപ്പെടുന്ന പത്തുമണിക്കു മുമ്പുള്ള നാലുമണിക്കൂറിനുള്ളില് ക്ഷേത്രങ്ങളില് നിവേദ്യാദി പൂജകള് തീര്ന്നിരിക്കും. പ്രഭാതഭക്ഷണം, സൂര്യഉപാസന (സൂര്യനമസ്കാരം,സൂര്യതാപമേല്ക്കല്) ഇവയ്ക്കെല്ലാം ശ്രീയാമം ഉത്തമമത്രെ. ശരീരത്തിലെ ഹോര്മോണുകളും ഈ സമയത്ത് നന്നായി പ്രവര്ത്തിക്കുന്നതിനാല് പഠനം, പുരാണപാരായണം, ഈശ്വരോപാസന, പൂജാകര്മ്മങ്ങള് ഇവയ്ക്കും ഈ നാലു മണിക്കൂര് നന്ന്.
ശ്രീയാമത്തിന് തൊട്ടുമുമ്പത്തെ 4 മണിക്കൂറിന് സരസ്വതിയാമം എന്നാണ് പേര്. ദേവന്മാരും പിതൃക്കളും ഉണരുന്നത് ഈ യാമത്തിലാണ്.
പ്രകൃതിയിലെ പക്ഷിമൃഗാദികളും വൃക്ഷലതാദികളും ഉണരുന്നത്. പിതൃക്കളുണരുന്നത് സരസ്വതിയാമത്തിലെ ആദ്യമണിക്കൂ(ഹോര)റിലാണെന്നു പറയപ്പെടുന്നു. ഈ സമയത്തിനുമുമ്പാണ് ഒരാള് മരിച്ചതെങ്കില് മരണദിവസം തലേന്നാണെന്നു കണക്കാക്കപ്പെടുന്നു. കൃത്യമായിപ്പറഞ്ഞാല്, രാത്രി(അസ്തമയം മുതല് ഉദയം വരെയുള്ള സമയം)യെ ഭാഗങ്ങളായി വിഭജിച്ചാല് മൂന്നാമത്തെ ഭാഗമാണ് സരസ്വതിയാമം. സരസ്വതിയാമം തുടങ്ങിയശേഷമാണ് മരണമെങ്കില് മരണം പിറ്റേന്നായി എടുക്കും. സരസ്വതിയാമത്തിന്റെ രണ്ടാം ഹോരയില് ദേവന്മാരുണരുന്നു. ക്ഷേത്രങ്ങളില് നടതുറപ്പ്, വാകച്ചാര്ത്ത് എന്നിവക്കെല്ലാം ഉത്തമസമയമാണിത്. (ഇത് ബ്രാപ്മയാമത്തിന്റെ ആരംഭമെന്നും പറയപ്പെടുന്നു.) അടുത്ത ഹോരയിലാണ് അഹസ്സു പിറക്കുന്നത്.
അഹസ്സുപിറക്കുന്ന സമയം മുതലാണ് കിഴക്കുനിന്നുള്ള സൂര്യാദിഗ്രഹങ്ങളുടെ പ്രകാശ തരംഗങ്ങള് വരുന്നത്. ഈ തരംഗങ്ങളെ ഏറ്റവും എളുപ്പം വലിച്ചെടുക്കാന് ജലത്തിനാണ് കഴിയുക.തന്മൂലം സൂര്യോദയത്തിനുമുമ്പുള്ള സ്നാനം അങ്ങേയറ്റം ആരോഗ്യദായകമാണ്. ഉദയത്തിന് മുമ്പേ കുളിക്കുന്നവര്ക്ക് നീര്വീഴ്ച്ച, പനി തുടങ്ങിയ രോഗങ്ങള് വിരളമായേ ഉണ്ടാവൂ. ഉദയത്തിനുശേഷം ഉഷ്ണരശ്മികള് കൂടുന്തോറും രോഗസാധ്യത കൂടി വരും.
ഉദയസമയത്ത് സൂര്യനില്നിന്നു വരുന്ന പ്രകാശരശ്മികള് ചുവപ്പ്, മഞ്ഞ, നീല വര്ണ്ണങ്ങളിലാണ്. ചുവപ്പും മഞ്ഞയും ചേരുമ്പോള് ഉണ്ടാവുന്നത് ഓടിന്റെ നിറമുള്ള ഓറഞ്ച് രശ്മികളാവും. ഓറഞ്ചും നീലയും ചേര്ന്നുണ്ടാവുന്ന പച്ചനിറമാണ് ഇലകള്ക്ക് വലിച്ചെടുക്കാനാവുന്നത്. എല്ലാ വര്ണ്ണങ്ങളും ചേരുന്നത് വെളുപ്പും, ഒരു പ്രകാശ തരംഗവും വരാത്തിടത്ത് കറുപ്പും നിറമാകും. ഗ്രഹോര്ജ്ജത്തിന്റെ വിവിധവര്ണ്ണരശ്മികളെ പ്രത്യേകം വലിച്ചെടുക്കുന്നത് പൂക്കളാണ്. തന്മൂലം ഓരോ ഗ്രഹത്തില് നിന്നും വരുന്ന പ്രകാശരശ്മികള്ക്കുചിതമായ വര്ണ്ണപുഷ്പങ്ങള് അതതു ഗ്രഹദേവന്മാരുടെ പൂജയ്ക്കുപയോഗിക്കും.
ഓറഞ്ചു നിറമുള്ള രശ്മികള് ധാരാളമായി ഒരു വീടിനകത്തു വന്നുചേര്ന്നാല് ആ വീട്ടില് നല്ല ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്ന കണ്ടെത്തലാണ് പ്രസ്തുത തരംഗങ്ങളെ വലിച്ചെടുക്കുവാന്ശേഷിയുള്ള ഓട്ടുപാത്രങ്ങള് ഉപയോഗിക്കാനിടയാക്കിയത്. ചൂടായിക്കൊണ്ടിരിക്കുന്ന ഓടിന് ഈ കഴിവ് പതിന്മടങ്ങായിരിക്കും. തന്മൂലം ഈ ഓട്ടുനിറത്തെ മഹാലക്ഷ്മിയായിക്കണ്ട്, ഒരു കത്തിച്ചു വെച്ച നിലവിളക്കു വഴി ഈ രശ്മികള് വീട്ടില് നിറയ്ക്കുന്ന പതിവ് നമ്മുടെ വീടുകളില് പണ്ട് ഉണ്ടായിരുന്നു. സൂര്യോദയത്തേക്കാള് ഒരു നാഴിക (24 മിനിറ്റ്) എങ്കിലും നേരത്തെ ദീപം ജ്വലിപ്പിച്ചാലേ ഉദയസമയത്തേക്ക് വിളക്ക് ചൂടുപിടിച്ച് ഓറഞ്ചുരശ്മികള് വലിച്ചെടുക്കാനാവൂ. തന്മൂലം സൂര്യോദയത്തിനുമുമ്പ് നിലവിളക്കു കത്തിക്കേണ്ടതാണ്.
ഉദയവേളയില് നീലപ്രകാശത്തെ വലിച്ചെടുത്ത് വീട്ടില് നിറയ്ക്കാനാണ്, നീലനിറത്തിലുള്ള അഗ്നി ജ്വലിപ്പിച്ച് ഭക്ഷണം പാകം ചെയ്യാന് തുടങ്ങുന്നത്. നീലരശ്മികള് അങ്ങേയറ്റം ശക്തിയും ആരോഗ്യവും തരുന്നതാണ്. ഇളംനീലനിറമായാല് പ്രത്യേകിച്ചും ഉത്തമമാകും. നീലരശ്മികളെ ഇളംനീലയാക്കാന് കൃഷ്ണതുളസി നട്ടിരിക്കുന്ന തുളസിത്തറയ്ക്കു കഴിവുള്ളതു കൊണ്ടാണ്, കിഴക്കുവശത്ത് തുളസി നടാന് തുടങ്ങിയത്.
ശുദ്ധമായ പ്രകൃതിയില്കൂടി മാത്രമെ ഈ തരംഗങ്ങള് വലിച്ചെടുക്കാനാകൂ. ഈ ശുദ്ധീകരണത്തിനുവേണ്ടിയാണ് പുലരുംമുമ്പ് മുറ്റമടിച്ച് ചാണകവെള്ളം തളിക്കുന്നത്. കുറ്റിച്ചൂലുകൊണ്ട് മുറ്റം തൂത്താല് ഇളകാത്ത മണ്തരികളില്ല. ഇളകിയ മണ്ണില്നിന്ന് വിഷകരമായ ബാക്ടീരിയകള് പുറത്തു വരുമ്പോള് ചാണകവെള്ളം തളിക്കുന്നതിലൂടെ അവയെ തിരഞ്ഞു നശിപ്പിക്കാനാവും.
കെട്ടിക്കിടക്കുന്ന മണ്ണും ജലവും വായുവുമൊക്കെ മലിനമായിത്തീരും. അവയുടെ കണികകള് (ആറ്റങ്ങള്)ക്കിടയിലൂടെ ഊര്ജ്ജതരംഗങ്ങള് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നാല് അവ ശുദ്ധവും ആരോഗ്യദായകവുമാകും. അവ ഇളകാതെയിരുന്നാലാകട്ടെ പരിസരം പോലും ദുഷിപ്പിക്കും. അവയെ ചലനാത്മകമാക്കി മലിനോര്ജ്ജം നീക്കം ചെയ്യാനാണ് ദിവസേന മുറ്റം തൂത്തുവാരുന്നതും, കിണറ്റില്നിന്നും വെള്ളമെടുക്കുമ്പോള് ആദ്യത്തെ ഒന്നു രണ്ടു ബക്കറ്റുവെള്ളം തുടിച്ചു കോരുന്നതും, രാവിലെ വീടിന്റെ വാതിലിന്റേയും ജനലിന്റേയും കതകുകള് തുറന്നിടുന്നതും, വര്ഷംതോറും വീടിന് വെറ്റ് വാഷ് ചെയ്യുന്നതും.
മണ്ണിനേയും, ജലത്തേയും, വായുവിനേയും പോലെ അഗ്നിയും മലിനമായിത്തീരാറുണ്ട്. അശുദ്ധോര്ജ്ജം പരത്തുന്ന വിഷച്ചെടികള്, ജീവജാലങ്ങളുടെ മൃതദേഹങ്ങള് തുടങ്ങിയ മലിനവസ്തുക്കള് അഗ്നിയില് ദഹിപ്പിച്ചാല് അഗ്നി മലിനമായിത്തീരാറുണ്ട്. അങ്ങിനെ മലിനമാകുന്ന ഊര്ജതരംഗങ്ങളെ ശുദ്ധീകരിക്കാനുപയോഗിക്കുന്ന ചില സാധനങ്ങളാണ് അകില്, ചന്ദനം, രാമച്ചം, കൂവളം, ആല്, പ്ളാശ് തുടങ്ങിയ വൃക്ഷക്കമ്പുകളും നവഗ്രഹങ്ങളുടെ ഊര്ജത്തെ സൃഷ്ടിക്കുന്ന നവധാന്യങ്ങളും. ഇവ അഗ്നിയില് ദഹിപ്പിച്ച് ഊര്ജതരംഗങ്ങളെ പവിത്രീകരിക്കുന്നതിനാണ് അഗ്നിഹോത്രം, ഗണപതിഹോമം എന്നിവ ചെയ്യുന്നത്.